2016, ജൂൺ 5, ഞായറാഴ്‌ച

വെളിച്ചം മറച്ചിരുട്ടാക്കി നിഴലു തേടി നടന്ന നാളുകളുടെ ഓർമയ്ക്ക്

എവിടേയ്ക്ക് എന്നറിയാതെ ഉള്ള യാത്രയായിരുന്നു ഇത്രനാളും , എന്തിന്റെയൊക്കെയോ പിന്നാലെ...
ഒന്നിനെ കുറിച്ചും ചിന്തിക്കാതെ ഒന്നിനെയും കണക്കിലെടുക്കാതെ  തോന്നുന്നത് ചെയ്തും
ചെയ്യിപ്പിച്ചും ആർത്തുല്ലസിച്ച ആ  നാളുകൾ ഇനിയില്ല ...

2015, മേയ് 21, വ്യാഴാഴ്‌ച

'ഓർമ്മ'യും 'മറവി'യും രണ്ടു വിപരീത പദങ്ങളായിരിക്കെ തന്നെ
ഓർക്കാനുള്ളതെല്ലാം മറന്നു പോകുകയും, മറക്കാനായ്‌ മാറ്റി വച്ചതൊക്കെയും വീണ്ടും വീണ്ടും ഓർമ്മിക്കപ്പെടുകയും ചെയ്യുന്നുവെന്ന അസാധാരണമായൊരു കെമിസ്ട്രിയുണ്ടവക്കിടയിൽ.

2014, ജൂലൈ 16, ബുധനാഴ്‌ച

അലസതയും അഭിനിവേശവും.
വാക്യാര്‍ത്ഥത്തില്‍ പ്രതിലോമകരമായ പ്രയോഗങ്ങളാണെങ്കിലും,
അനുഭവങ്ങളിലേക്ക് വരുമ്പോള്‍ ഇവ പരസ്പരപൂരകങ്ങളാണ്!
ഒന്നിനോടുള്ള ഭ്രാന്തമായ അഭിനിവേശം എല്ലായ്പ്പോഴും എന്നെ മറ്റെന്തെങ്കിലുമൊന്നിനോടുമുള്ള വിരസമാര്‍ന്ന അലസതയിലും മടുപ്പിലുമാണ് കൊണ്ടെത്തിച്ചിട്ടുള്ളത്.
അതുപോലെതന്നെ തിരിച്ചും.

2014, ജൂലൈ 12, ശനിയാഴ്‌ച

കൂലങ്കഷമായ് ചിന്തിക്കുമ്പോൾ,

മന്തിന്റ് ഭാരം സഹിച്ച ഇടംകാൽ നാറാണത്ത് ഭ്രാന്തനെ ഒരു ഇടതുപക്ഷ 'സഹ' യാത്രികൻ ആക്കിയിരുന്നുവെന്ന് ചരിത്രത്തിന്റ് പിൻബലമില്ലാതെ തന്നെ
നിസ്സംശയം
എനിക്ക് പറയാൻ കഴിയും.

അതേ, നാറാണത്ത് ഭ്രാന്തൻ കമ്യൂണിസ്റ്റാണു..

ഇത് വായിക്കുമ്പോൾ നിങ്ങൾക്കെന്നോട് തോന്നുന്ന ആ ഒരു പുച്ഛമുണ്ടല്ലോ
അതായത്
ഇടതെന്നു കണ്ടാൽ അതിനെ വ്യാഖ്യാനിച്ചു തന്റേതാക്കുന്ന
ഇടതുപക്ഷ ഭ്രാന്തനോടുള്ള പുച്ഛം,

ആ പുച്ഛമാണു,
സ്വന്തം മതസ്ഥാപനങ്ങളുടെ ഏത് പോക്രിത്തരവും കാണുമ്പോൾ തങ്ങളുടെ മതബോധത്തെ അതിനോടു കൂട്ടിക്കെട്ടി വ്യാഖ്യാനിച്ച് സ്വയം നാറുന്നവരെ കാണുമ്പോൾ എനിക്കും തോന്നുന്നത്..

സ്വന്തം മതത്തെ പ്രതിരോധിക്കുവാനുള്ള അവകാശം ഏതൊരുത്തനും ഉണ്ടെന്നു പറയുമ്പോൾ
അത് എന്ത് വൃത്തികേടിനും കുടപിടിക്കുന്ന ഒരു അവസ്ഥയിലേക്ക് പോകരുത്.
ശേഖരിച്ച ഏഴ് രക്ത സാമ്പിളുകള്‍ തെരുവ് ജാലവിദ്യക്കാരന്‍ മേശമേല്‍ നിരത്തി വെച്ചു .....

ഗോദ്ര , ഗുജറാത്ത് , ഇറാക്ക് , ഗാസ , വടകര , പാനൂര്‍ , കൂത്തുപറമ്പ് എന്നീ സ്ഥലങ്ങളുടെ പേരുകള്‍ക്ക് നേരെ ആ സാമ്പിളുകള്‍ ചേരുംപടി നീക്കി വെക്കാന്‍ അയാള്‍ കൂടി നിന്ന ആളുകളോട് ആവശ്യപ്പെട്ടു ....

ആളുകള്‍ തലപുകഞ്ഞ് ആലോചിക്കാന്‍ തുടങ്ങി ...
ഉത്തരം കണ്ടെത്താനുള്ള ഒരു ക്ലൂവിന് അവര്‍ പരസ്പരം ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു....ഒടുവില്‍ അവര്‍ പരാജയം സമ്മതിച്ചു

എന്നാല്‍ ആളുകള്‍ക്കിടയില്‍ നിന്ന് ഒരു കുട്ടി മുന്നോട്ട് വന്നു ....

കുട്ടിക്കറിയാമായിരുന്നു രക്തത്തിന് ഒരേ നിറമാണെന്ന് ....!!!!

അവന്‍ ഒന്നും ആലോചിക്കാതെ സാമ്പിളുകള്‍ ഓരോ സ്ഥലത്തിന് നേരെ നീക്കി വെച്ചു ...

ജാലവിദ്യക്കാരന്‍ കുട്ടിയെ വിജയിയായി പ്രഖ്യാപിച്ച് സമ്മാനം നല്‍കി ... ...

അപ്പോഴും പിറകില്‍ നിന്നും ആളുകള്‍ കുശുകുശുക്കുന്നുണ്ടായിരുന്നു ...

"കുട്ടി ...അവന്‍റെ ആളായിരിക്കും .."